ദില്ലി: രാജ്യത്തു രൂക്ഷമാകുന്ന വരൾച്ച നേരിടാൻ കര്‍ശന നടപടികൾ കേന്ദ്ര സര്‍ക്കാർ സ്വീകരിച്ചുവരികയാണെന്നു കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗ് രാജ്യസഭയെ അറിയിച്ചു. വരൾച്ച മുന്നിൽ കണ്ട് കേന്ദ്ര ബജറ്റിൽ കാര്‍ഷിക മേഖലയ്ക്ക് കൂടുതൽ തുക നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകൾക്ക് ഇതിനകം തന്നെ ആവശ്യമായ തുക അനുവദിച്ചിട്ടുണെന്നും മന്ത്രി രാധാ മോഹൻ സിംഗ് രാജ്യസഭയിൽ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.
വരൾച്ച നേരിടുന്നതിന് നദീസംയോജന പദ്ധതി സംയോജിതമായി നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി ഉമാഭാരതിയും രാജ്യസഭയിൽ പറഞ്ഞു. ഭൂഗര്‍ഭജലനിരപ്പ് താഴുന്നത് തടയാനായുള്ള പദ്ധതികളും കേന്ദ്ര സര്‍ക്കാർ ആരംഭിച്ചതായി ഉമാഭാരതി രാജ്യസഭയെ അറിയിച്ചു.
അതേസമയം നിലവിലെ പദ്ധതികൾ കൊണ്ട് മാത്രം വരൾച്ച മൂലം ഉള്ള ജനങ്ങളുടെ ദുരിതം അകറ്റാൻ ആകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദശര്‍മ്മ, എൻ.സി.പി നേതാവ് ശരത്പവാർ, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാർ അടിയന്തരിമായി ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്ന ആവശ്യം രാജീവ് ചന്ദ്രശേഖർ എം.പിയും ഉന്നയിച്ചു.
