ദില്ലി: പീഡനക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ ശിക്ഷിച്ച ശേഷം അദ്ദഹത്തിന്‍റെ അനുയായികള്‍ നടത്തിയ കലാപം ദൈവികമെന്ന് മറ്റൊരു ആള്‍ദൈവമായ രാദേ മാ. എല്ലാം ദൈവത്തിന്‍റെ നിശ്ചയപ്രകാരവും ദൈവപ്രസാദത്താലും ആണെന്നാണ് രാദേ മാ പറഞ്ഞത്. സ്വന്തം വീട് എല്ലാവരും സംരക്ഷിക്കുമെന്ന് പറഞ്ഞ് ഗുര്‍മീത് ഭക്തരുടെ ആക്രമത്തെ രാദേ മാ ന്യായീകരിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടും സ്ത്രീധന വിവാദങ്ങളിലൂടെയും നേരത്തെ കുപ്രസിദ്ധി നേടിയ ആള്‍ദൈവമാണ് രാദേ മാ.

ഇന്ത്യാ ടുഡേ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാദേ മായുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോഡി ദിവ്യനും അദേഹത്തിന്‍റെ തീരുമാനങ്ങള്‍ രാജ്യത്തിനു ഗുണകരവുമാണ്. മോഡി സര്‍ക്കാറെടുന്ന തീരുമാനങ്ങളെല്ലാം ശരിയാണെന്നും അതിനെ പ്രശംസിക്കുന്നതായും രാദേ മാ അഭിപ്രായപ്പെട്ടു. ആള്‍ദൈവങ്ങളെ വിമര്‍ശിച്ച നടന്‍ ഋഷി കപൂറിനെക്കുറിച്ചുള്ള ചോദ്യത്തിന് അദേഹത്തിന്‍റെ കാര്യം ശിവന്‍ നോക്കുമെന്നാണ് രാദേ മാ പറഞ്ഞത്.

ഗുര്‍മീത് സിംഗിനെതിരായ വിധി വന്ന ശേഷം ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലായി വ്യാപകമായ ആക്രമമാണ് ഗുര്‍മീത് ആരാധകര്‍ അഴിച്ചുവിട്ടത്. താന്‍ ദിവ്യയോ ഗുരുവോ അല്ലെന്നും അമ്മ മാത്രമാണെന്നും രാദേ മാ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ എല്ലാ ആള്‍ ദൈവങ്ങളോടും ഗുരുക്കളോടും ബഹുമാനമാണെന്നും അവര്‍ വെളിപ്പെടുത്തി.