റേഡിയോ ജോക്കിയുടെ കൊലപാതകം മുഖ്യപ്രതി നാളെ കീഴടങ്ങിയേക്കും അലിഭായി ചൊവ്വാഴ്‌ച കേരളത്തുമെന്നാണ് സൂചന
തിരുവനന്തപുരം: മുന് റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ നാളെ കീഴടങ്ങിയേക്കും. ഇയാള് നാളെ കേരളത്തിലെത്തുമെന്നാണ് സൂചന. കാഠ്മണ്ഡു വഴിയാണ് ഇയാള് ഖത്തറിലെത്തിയത്. വിമാനത്താവളങ്ങളില് പൊലീസ് ജാഗ്രത നിര്ദേശം നല്കി.
കൊലപാതകത്തിനുശേഷം ബംഗളൂരുവിൽ നിന്ന് നേപ്പാൾ വഴി ഖത്തറിലേക്ക് കടന്ന ഇയാൾ ചൊവ്വാഴ്ച രാവിലെയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും അന്വേഷണ സംഘം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കേരളത്തിലേക്ക് നാടുകടത്തുകയായിരുന്നു എന്നും വിവരമുണ്ട്. ഇയാളുടെ വിസ റദ്ദാക്കാന് സ്പോണ്സറോട് പൊലീസ് അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
മാർച്ച് 27ന് പുലർച്ചെയാണ് ആറ്റിങ്ങൽ മടവൂരിൽ വെച്ചാണ് രാജേഷിനെ സ്വിഫ്റ്റ് കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. ആക്രമണത്തില് ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാൾക്കും പരിക്കേറ്റു. കായംകുളത്തുകാരനും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ഇതുവരെ ലഭിച്ച സൂചന.
