രാഹുലിന് നിര്‍മ്മലാ സീതാരാമന്‍റെ മറുപടി

ദില്ലി: റാഫേല്‍ അഴിമതി കേസില്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുലിൻറെ ആരോപണം അസത്യമെന്ന് നിർമ്മലാ സീതാരാമൻ ലോക്സഭയില്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡൻറ് തന്നെ കരാർ വ്യവസ്ഥകൾ എല്ലാം വെളിപ്പെടുത്താൻ ആവില്ലെന്ന് വ്യക്തമാക്കിയതാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. 

എന്നാല്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ലോക്സഭയില്‍ സംസാരിക്കവെ 5000 കോടിയുടേ റാഫേൽ അഴിമതി പണമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ചെലവാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. റാഫേല്‍ അഴിമതിയെ കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിനോട് ഇത് പുറത്തുവിടാനാകില്ലെന്നും ഫ്രാന്‍സുമായി ഇതു സംബന്ധിച്ച കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയത്. 

എന്നാല്‍ ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചതില്‍നിന്ന് അത്തരമൊരു കരാര്‍ നിലവിലില്ലെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും രാഹുല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.