ഇടുക്കി: സ്‍കൂളിൽ മുടി വെട്ടാതെ എത്തി എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. ഇടുക്കിയിലെ കുമളിക്കടുത്തുള്ള അമരാവതി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യർത്ഥിയാണ് പരാതി നല്‍കിയത്. മർദ്ദനമേറ്റ വിദ്യാർത്ഥിയും മർദ്ദിച്ച വിദ്യാർത്ഥിയും ആശുപത്രിയിൽ ചികിത്സ തേടി.

സ്കൂളിലെ ഉച്ചഭക്ഷണ സമയത്താണ് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സ്‍കൂൾ മുറ്റത്തു നിന്നിരുന്ന തന്നെ സീനിയർ വിദ്യാർത്ഥികളിൽ ഒരാൾ വന്ന് വിളിച്ചു കൊണ്ടുപോയി ക്ലാസ് മുറിക്കുള്ളിൽ വച്ച് മർദ്ദിച്ചതായാണ് മർദ്ദനമേറ്റ വിദ്യാർത്ഥി പറയുന്നത്. തുടർന്ന് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് കരണത്തടിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഇതിനു പുറമെ സ്‍കൂളിലെ മൂത്രപ്പുരയുടെ ഭാഗത്തേയ്ക്ക് വലിച്ചിഴച്ചു. വിദ്യാര്‍ത്ഥിയുടെ കഴുത്തിന് താഴെ മർദ്ദനമേറ്റ പാടുകൾ കാണാം.

സ്‍കൂളിൽ പഠനത്തിന് എത്തിയപ്പോൾ മുതൽ തങ്ങൾ പറയുന്ന രീതിയിൽ മുടി വെട്ടണമെന്നാവശ്യപ്പെട്ട് ഇവർ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഇത് അംഗീകരിക്കാത്തതാണ് മർദ്ദനത്തിനു കാരണമായതത്രേ. എസ്എഫ്ഐ പ്രവർത്തകൻറെ നേതൃത്വത്തിലായിരുന്നു മർദ്ദമെന്നും കുട്ടി പറഞ്ഞു.

സംഭവം സംബന്ധിച്ച് ഇരു കൂട്ടരും സ്‍കൂൾ അധികൃതർക്ക് പരാതി നൽകി. പരാതികൾ പൊലീസിന് കൈമാറിയതായി പ്രിൻസിപ്പല്‍ പറഞ്ഞു. ഇവരുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.