കോഴിക്കോട്:വടകരയില്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി.വടകര എം.യു.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അസ് ലമാണ് പൊലീസില്‍ പരാതി നല്‍കിയത്.റാഗിങ്ങിനിടെ തോളെല്ലിന് ഗുരുതര പരിക്കേറ്റ മുഹമ്മദ് അസ് ലം ചികിത്സയിലാണ്.

കഴിഞ്ഞ 14 ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനകത്ത് വെച്ച് റാഗ് ചെയ്തതെന്നാണ് പരാതി.സ്‌കൂളിലെ പ്‌ളസ് ടു വിദ്യാര്‍ത്ഥികളാണ് തന്നെ റാഗ് ചെയ്തതെന്ന് മുഹമ്മദ് അസ്ലം പറയുന്നു.സ്‌കൂളിലെ ശുചിമുറിയിലിട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. നാഭിക്ക് ചവിട്ടി, മര്‍ദ്ദനത്തില്‍ വലതു തോളെല്ലിന് ഗുരുതര പരിക്കേറ്റു.വടകര,കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടി. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കോഴിക്കോട്ടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിരിക്കുകയാണെന്ന് അസ്ലം പറഞ്ഞു.

മുഹമ്മദ് അസ് ലമിന്റെ പരാതിയില്‍ വടകര പൊലീസ് റാഗിങ്ങിന് കേസ്സെടുത്തു.റാഗിങ്ങ് വിരുദ്ധ ആക്ട് പ്രകാരമാണ് കേസ്സ്.സ്‌കൂള്‍ അധികൃതര്‍ പതിമൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

വടകര മേഖലയിലെ പ്രമുഖരുടെ മക്കള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.