അഹമ്മദാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാണംകെട്ട നുണയനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. കോൺഗ്രസ് ഗുജറാത്തിൽ പരാജയപ്പെടുന്നത് നിരാശയോടെ കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സമ്മേളനമായ 'വൈബ്രന്റ് ഗുജറാത്ത്' ഉച്ചകോടിയെ പുച്ഛിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് വിജയ് രുപാനി തിരിച്ചടിച്ചത്.  

ഗുജറാത്തിനോടുള്ള ഗാന്ധിയുടെ വിദ്വേഷം ഇവിടത്തെ ജനങ്ങൾ നേരത്തെ തിരിച്ചറിഞ്ഞതാണ്. എന്നാൽ ഗാന്ധിയുടെ വിദ്വേഷം കോൺഗ്രസ് ഇതുവരെ അംഗീകരിച്ചിട്ടില്ല, ഇനി അംഗീകരിക്കുകയുമില്ലെന്നും രുപാനി പറയുന്നു.   

2019ലെ 'വൈബ്രന്റ് ഗുജറാത്ത്' ഉച്ചകോടിയിയുടെ സ്പോൺസർമാർ ആരും തന്നെ  നരേന്ദ്ര മോദി അധ്യക്ഷനായ ഒരു പരിപാടിയുമായി തുടർന്ന് സഹകരിക്കാൻ ആഗ്രഹിക്കുന്നില്ല. നരേന്ദ്ര മോദി ആഗ്രഹിച്ചിരുന്നതുപോലെ തന്നെ, ആ വേദി അദ്ദേഹത്തിന് മാത്രമായി വിട്ടുകൊടുത്ത്, അവർ ഇറങ്ങിപ്പോവുകയായിരുന്നു  " രാഹുൽ പറഞ്ഞു. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്  'വൈബ്രന്റ് ഗുജറാത്ത്' ഉച്ചകോടിയില്‍നിന്ന് അമേരിക്കയും ഇംഗ്ലണ്ടും പിന്‍മാറിയ സാഹചര്യത്തിലാണ് രാഹുലിന്റെ പരാമർശം. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ്  രാഹുൽ വിവാദ പരാമർശം നടത്തിയത്. 

എന്നാൽ, നേരെ മറിച്ച്,  നിക്ഷേപക സമ്മേളനത്തിൽ‌ ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ പങ്കാളിത്തം കാണുമെന്ന് രുപാനി പറയുന്നു. നാണംകെട്ട നുണപ്രചരണമാണ് രാഹുൽ ഗാന്ധി നടത്തുന്നത്തെന്നും രുപാനി ട്വീറ്റ് ചെയ്തു. 

നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം മുന്നിൽ കാണുമ്പോഴുള്ള നിരാശയാണ്  താങ്കളുടെ ട്വീറ്റിൽ കാണുന്നത്. നിങ്ങളിലെ ശത്രുത ഗുജറാത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണവർ നിരന്തരമായി കോൺഗ്രസിനെ തിരസ്കരിച്ചത്. ഇനിയും അങ്ങനെതന്നെ തുടരുമെന്നും രുപാനി വ്യക്തമാക്കി. കഴിഞ്ഞ വർഷം 10 രാജ്യങ്ങളാണ് പങ്കെടുത്തതെങ്കിൽ ഇത്തവണ ജപ്പാന്‍, കാനഡ എന്നിവയടക്കം 16 രാജ്യങ്ങൾ പങ്കെടുക്കുമെന്നും രുപാനി കൂട്ടിച്ചേർത്തു.  2019 ജനുവരി 18 മുതല്‍ 20 വരെയാണ് ഉച്ചകോടി നടക്കുക.