ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയതിന്റെ വിവരം തന്റെ പക്കൽ ഉണ്ടെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇതറിയാവുന്നത് കൊണ്ടാണ് ബിജെപി തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ട്. ഇക്കാര്യം സഭയിൽ വിശദീകരിക്കാൻ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം മറ്റു പ്രതിപക്ഷ നേതാക്കൾക്കൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. കേവലം ഒരു വ്യക്തി എന്ന നിലയിൽ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങൾ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുൽ മാധ്യമപ്രവർത്തകരെ കണ്ടത്. പാർലമെന്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത്, അതിനു ഞാൻ തയാറാണ്. പക്ഷെ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഒരു വാർത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തേണ്ട കാര്യങ്ങളല്ലിത്. അതുകൊണ്ട് ഇവിടെ വച്ച് തെളിവുകൾ പുറത്തുവിടാനോ കാര്യങ്ങൾ വിശദീകരിക്കാനോ എനിക്ക് കഴിയില്ല– രാഹുൽ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഞാൻ സംസാരിച്ചാൽ ഊതി വീർപ്പിച്ചതുപോലെയുള്ള മോദിയുടെ ‘ഇമേജ്’ തകരുമെന്ന് അദ്ദേഹം ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഞാൻ സംസാരിച്ചാൽ സഭയിൽ ഭൂകമ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ സൂചനകൾ നൽകുന്നതായിരുന്നു രാഹുലിന്റെ വാക്കുകൾ.

അതേസമയം, തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധി തട്ടിപ്പുക്കാരനാണെന്ന് ബിജെപി പ്രതികരിച്ചു.കള്ളപ്പണം വെളുപ്പിക്കുന്ന ഏജൻറുമാരായി കോൺഗ്രസ് നേതാക്കൾ മാറിയെന്ന് ബിജെപി പാർ‍ലമെന്റിൽ ആരോപിച്ചു. കോൺഗ്രസ് നോട്ട് തട്ടിപ്പ് നടത്തുകയാണെന്നും ഒളിക്യാമറ അന്വേഷണത്തിൽ എല്ലാം പുറത്തു വന്നിട്ടുണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.

നോട്ട് അസാധുവാക്കലിൽ സമവായം ഉണ്ടാവാത്ത സാഹചര്യത്തിൽ രണ്ടു സഭകളും ഇന്നും തടസ്സപ്പെട്ടു. നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം പാർലമെന്റ് ചേർന്നപ്പോഴും ഇരുസഭകളിലും സമവായം ദൃശ്യമായിരുന്നില്ല. ലോക്സഭയിൽ ഇന്നും ഇരുപക്ഷവും ഏറ്റുമുട്ടി. കോൺഗ്രസിന്റെ ഉൾപ്പടെ ചില പ്രാദേശിക നേതാക്കൾ കള്ളപ്പണം വെളുപ്പിക്കാൻ കമ്മീഷൻ വാങ്ങുന്ന ദൃശ്യങ്ങൾ ഒരു ഹിന്ദി ചാനൽ പുറത്തു വിട്ടത് ചൂണ്ടിക്കാട്ടിയാണ് ബിജെപി കോൺഗ്രസിനെ നേരിട്ടത്.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് ലോക്സഭയിലെ ബഹളം. സർക്കാരിനെതിരെ നീങ്ങാൻ എംപിമാർക്ക് സോണിയാഗാന്ധിയും നിർദ്ദേശം നല്‍കുന്നത് കാണാമായിരുന്നു. രാജ്യസഭയിൽ ഭിന്നശേഷി ക്ഷേമ ബിൽ പാസ്സാക്കാൻ മാത്രം പ്രതിപക്ഷം സഹകരിച്ചു.അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് അഴിമതിയിൽ ഗാന്ധി കുടുംബത്തിന്റെ പേരുമുണ്ടെന്ന് ബിജെപി ആരോപിക്കുമ്പോഴാണ് പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ആഞ്ഞടിക്കുന്നത്.