കസ്റ്റഡിയില്‍ തന്നെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതിനു പിന്നാലെ പിന്നെങ്ങനെ ട്വീറ്റ് ചെയ്തു എന്നായിരുന്നു പരിഹാസം ഉയര്‍ന്നത്
കൊച്ചി: ശബരിമലയില്‍ കലാപം നടത്താന്‍ ആഹ്വാനം ചെയ്തു എന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ പോലീസിനെതിരെ രംഗത്ത്. അറസ്റ്റ് ചെയ്ത സമയത്ത് തനിക്കു നല്‍കിയ വാക്കുകള്‍ ഒന്നും പാലിച്ചില്ലെന്നും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ട്വിറ്ററിലൂടെ രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. പോലീസ് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ അനുവദിച്ചില്ല. അറസ്റ്റ് ചെയ്ത സമയത്ത് തന്നെ ആദ്യം കിംസ് ആശുപത്രിയില്‍ കൊണ്ടുപോകുമെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ അതു പാലിച്ചില്ല. പകരം തന്നെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേയ്ക്കാണ് കൊണ്ടുപോയതെന്നും രാഹുല്‍ ആരോപിക്കുന്നു.
കസ്റ്റഡിയില്‍ തന്നെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. അതിനു പിന്നാലെ പിന്നെങ്ങനെ ട്വീറ്റ് ചെയ്തു എന്നായിരുന്നു പരിഹാസം ഉയര്‍ന്നത്. ശബരിമല വിഷയത്തെ തുടര്‍ന്ന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കാലപാഹ്വാനത്തിന്‍റെ പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
തിരുവനന്തപുരത്തെ നന്ദാവനത്തുള്ള ഫ്‌ളാറ്റില്‍ നിന്നുമാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം ചിന്തി അശുദ്ധമാക്കാന്‍ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ കൊച്ചി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി നടയടപ്പിക്കാനായിരുന്നു തങ്ങള്‍ നിശ്ചയിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
