പൊതു തെരഞ്ഞെടുപ്പില്‍ വിശാല ഐക്യത്തിന് ശ്രമം, രാഹുല്‍ ഗാന്ധിക്ക് ആത്മവിശ്വാസം

യെദ്യൂരപ്പയുടെ വീഴ്‍ച പൊതുതെരഞ്ഞെടുപ്പിലെ വിശാല പ്രതിപക്ഷ ഐക്യത്തിന് വഴി തുറക്കുന്നുവെന്നാണ് വിലയിരുത്തല്‍. കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പിന്നീട് നടന്ന നീക്കങ്ങളിലൂടെ രാഹുല്‍ ഗാന്ധി ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് നേടുകയാണ്. 2019ലേക്കുള്ള ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ പാളിയെന്ന ബിഎസ്‍പി നേതാവ് മായാവതിയുടെ പ്രതികരണവും രാഹുലിന്റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകരുന്നു.

കര്‍ണ്ണാടകത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യ സര്‍ക്കാര്‍ തുടരാന്‍ തന്നെയാണ് സാധ്യത. അങ്ങനെയെങ്കില്‍ കര്‍ണ്ണാടകത്തിലെ 28 സീറ്റു നേടാനുള്ള മത്സരത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും ഒന്നിച്ചു നില്‍ക്കും. സമാനമായി പല സംസ്ഥാനങ്ങളിലും പ്രാദേശിക സഖ്യങ്ങള്‍ വരും. വിശാലസഖ്യത്തിനൊപ്പം നില്‍ക്കും എന്ന് ഇന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു

ദേശീയ ഗാനത്തിനിടെ വിധാന്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ബിജെപി അംഗങ്ങളേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

രണ്ടായിരത്തി പത്തൊമ്പതില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമ്പോള്‍ ബിജെപി പയറ്റാനിരുന്ന തന്ത്രമാണ് കര്‍ണ്ണാടകത്തില്‍ പരാജയപ്പെട്ടതെന്നായിരുന്നു മായാവതിയുടെ പ്രതികരണം. അത്തരം സാഹചര്യം ഒഴിവാക്കാന്‍ കരുതലോടെ നീങ്ങാന്‍ പ്രതിപക്ഷത്തിന് കര്‍ണ്ണാടകം പാഠമാകും. പാര്‍ലമെന്റില്‍ കൂടുതല്‍ കരുത്തുള്ള പ്രതിപക്ഷത്തെ മോദിക്ക് ഇനി നേരിടേണ്ടി വരും. സിപിഎമ്മില്‍ വിശാല സഖ്യത്തിനായി വാദിച്ച സീതാറാം യെച്ചൂരി പക്ഷത്തിനും കര്‍ണ്ണാടകത്തിലെ സംഭവങ്ങള്‍ ആശ്വാസമാകുന്നു. എന്നാല്‍ ആര് സഖ്യത്തെ നയിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അംഗീകരിച്ചെന്നു വരില്ല. പ്രദേശിക മുന്നണിയുടെ ജയമെന്നായിരുന്നു യെദ്യൂരപ്പയുടെ പതനത്തോടുള്ള മമതയുടെ പ്രതികരണം. ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയും എന്ന് തെളിയിക്കാന്‍ ഇനിയും രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. 2019-ലെ ആശയക്കുഴപ്പത്തില്‍ പ്രധാനമന്ത്രിയായി എത്താന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടികയിലേക്ക് തന്റെ പേര് കൂടി എഴുതിച്ചേര്‍ക്കാനാകും എച്ച് ഡി ദേവഗൗഡയുടെ ശ്രമം.