ദില്ലി: റഫാല്‍ വിഷയത്തില്‍ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനോഹര്‍ പരീക്കര്‍ പ്രധാനമന്ത്രിയെ തെളിവുകള്‍ വെച്ച് ഭീഷണിപ്പെടുത്തുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാത്തതെന്നും രാഹുല്‍‌ഗാന്ധി പറഞ്ഞു. 

സംവാദത്തിനുള്ള ധൈര്യം പ്രധാനമന്ത്രി കാണിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. റഫാലില്‍ അഴിമതിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

റഫാല്‍ ഇടപാടില്‍ ബിജെപിക്ക് കാര്യമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്‍ദരേഖ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഇന്ന് കേള്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ തടഞ്ഞു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്‍റെ കിടപ്പുമുറിയുലുണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്‍ദ സന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്. 

126ൽ നിന്ന് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് ആരുടെ നിർദ്ദേശപ്രകാരമാണ്? എന്തിന് പ്രധാനമന്ത്രി വില കൂട്ടി റഫാൽ വാങ്ങി?  ഫ്രഞ്ച് മുൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മനോഹർ പരീക്കറിന്‍റെ കയ്യിൽ നിരവധി ഫയലുകളുണ്ടെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി അനിൽ അംബാനിയുടെ പോക്കറ്റിൽ പണം ഇട്ടുകൊടുക്കുകയിരുന്നെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.