35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടര്‍ പറയുന്നത്

ദില്ലി: ബിഹാറിൽ വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. ബിഹാറിലെ സിവാൻ ജില്ലാ കളക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടര്‍ പറയുന്നത്. ഇത് വാർത്തയാവും മുമ്പ് പരിഹരിച്ചെന്നും കളക്ടർ പറയുന്നു. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് മിന്‍ത ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്കിയതാണെന്നും മിന്‍ത ദേവി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും യൂണിയന്‍ ഗവണ്‍മെന്‍റിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ വോട്ടര്‍ പട്ടികയില്‍ ചേർത്തവരെക്കാൾ കൂടുതൽ ആളുകളെ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.

YouTube video player