ദില്ലി: കര്‍ഷക വായ്പകള്‍ എഴുതി തള്ളിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാഗികമായാണ് വായ്പകള്‍ എഴുതി തള്ളിയതെങ്കിലും ഈ നടപടി ശരിയായ ദിശയിലേയ്ക്കുള്ള സര്‍ക്കാരിന്‍റെ ചുവടു വെയ്പ്പാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ദുരിതമുനഭവിക്കുന്ന കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയിലൂടെ ശരിയായ ദിശയിലുള്ള ചുവടുവെയ്പ്പാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കര്‍ഷകരെ മുന്‍ നിര്‍ത്തി രാഷ്ട്രിയം കളിക്കരുതെന്നും, രാജ്യമെങ്ങുമുള്ള കര്‍ഷകര്‍ക്ക് ഈ ഗുണം ലഭിക്കാന്‍ കേന്ദ്രം ശ്രമിക്കണമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കാബിനറ്റിലാണ് കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന തീരുമാനം വന്നത്. 2.25 കോടി കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്നും 30000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ടെന്നും യോഗി പറഞ്ഞു.