ദില്ലി: കേരളത്തിലെ സംഘടന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യേക യോഗം വിളിച്ചു. 26-ന് ഡല്‍ഹിയിലാകും യോഗം.നിയമസഭകക്ഷി നേതാവ് രമേശ് ചെന്നിത്തല, പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, 14 ജില്ലകളിലേയും ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് 26-ലെ യോഗം.

രാഹുല്‍ ഗാന്ധിക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും യോഗത്തില്‍ പങ്കെടുക്കും. കേരളത്തിലെ പുതിയ പിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നകാര്യവും സംഘടനാ തെരഞ്ഞെടുപ്പുമെല്ലാം യോഗത്തില്‍ ചര്‍ച്ചയാവും.