അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നുവെന്ന് വീമ്പുപറയുന്ന പ്രധാനമന്ത്രി മോദി അമിത് ഷായുടെ മകന്റെ അഴിമതി മൂടിവെച്ചെന്ന് രാഹുൽ ഗാന്ധി. ഗുജറാത്തിൽ പിന്നാക്ക ദളിത് ഐക്യനേതാവ് അൽപേഷ് ഠാക്കൂർ കോൺഗ്രസിൽ ചേർന്നു. ഇതിനിടെ ബിജെപിയിൽ ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് വെളിപ്പെടുത്തി പട്ടേൽ സംവരണ പ്രക്ഷോഭനേതാവ് നരേന്ദ്ര പട്ടേൽ രംഗത്തെത്തി.
ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ മൂന്ന് ദിവസത്തെ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന മോദി അമിത് ഷായുടെ മകൻ നടത്തിയ അഴിമതി മൂടിവെക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
ബിജെപി നടപ്പാക്കിയ ജിഎസ്ടി ഗബ്ബർ സിംഗ് ടാക്സ് ആണെന്നും രാഹുൽ പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന നവസർജൻ ജനദേശ് മഹാ സമ്മേനത്തിൽ പിന്നാക്ക ആദിവാസി ഐക്യനേതാവ് അൽപേഷ് ഠാക്കൂറും അനുയായികളും രാഹുലിന്റെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേലുമായി ഇന്ന് രാഹുൽ ചർച്ച നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. അതിനിടെ ഗുജറാത്തിൽ പട്ടേൽ സംവരണ സമരത്തിന് നേതൃത്വം കൊടുത്തവരിൽ പ്രമുഖനായ നരേന്ദ്ര പട്ടേൽ ബിജെപി തനിക്ക് ഒരുകോടി വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി. ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾകം തനിക്ക് കിട്ടിയ നോട്ടുകെട്ടുകളുമായി മാധ്യമങ്ങളെകണ്ട നരേന്ദ്ര പട്ടേൽ ബിജെപിയാണ് പണംതന്നതെന്ന് പ്രഖ്യാപിച്ചു. നരന്ദ്ര പട്ടേലിനുപിന്നാലെ രണ്ടാഴ്ചമുൻപ് ബിജെപിയിൽ ചേർന്ന പട്ടേൽ യുവനേതാവ് നികിൽ സവാനി കൂടി പാർട്ടിവിട്ടു. പാർട്ടിയിൽ ചേരാൻ പണം നൽകിയെന്ന വാർത്ത നിഷേധിച്ച ബിജെപി അന്വേഷണം നടക്കട്ടെയെന്ന് പ്രതികരിച്ചു.
