Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്

Rahul Gandhi Congress president
Author
First Published Nov 19, 2017, 10:46 AM IST

 

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണ്ണായകയോഗം ചേര്‍ന്ന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കും. 

പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയതി ഡിസംബര്‍ ഒന്നിനാണ്. മറ്റ് മത്സരാത്ഥികള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ എട്ടിന് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാഹുലിനെതിരെ മത്സരരംഗത്ത് ആരുമുണ്ടാകില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഏറ്റവും കൂടുതല്‍ കാലമിരുന്ന സോണിയാ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി പ്രവര്‍ത്തനരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നില്ല. മാത്രമല്ല വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി പുതുരക്തത്തിന്‍ കീഴില്‍ നേരിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുണ്ട്. 

സംസ്ഥാന തെരഞ്ഞടുപ്പിന് മുന്നോടിയായി രാഹുല്‍ ഗുജറാത്തില്‍ നടത്തിയ പ്രചാരണങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമായി തീരുമെന്നാണ് പാര്‍ട്ടി വിലയിലുത്തല്‍. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് സോണിയയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രവര്‍ത്തക സമിതിയോഗം അവരുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ച് നടക്കും. 

രാഹുലിന് കരുത്തുപകരാന്‍ കോണ്‍ഗ്രസിനെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെ ഉപാധ്യക്ഷനായി നിയമിക്കുമെന്നും അഭ്യൂഹമുണ്ട്. മന്‍മോഹന്‍ സിങ് രാഹുലിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായി എ.കെ.ആന്റണി പാര്‍ട്ടി ഉപാധ്യക്ഷനായി പ്രഖ്യാപിക്കാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Follow Us:
Download App:
  • android
  • ios