അഹിംസാവാദികളായ കോൺഗ്രസ് പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിച്ച ഭരണാധികാരികളുടെ വിധി എന്താണെന്ന് മോദി പഠിക്കാൻ ശ്രമിക്കണമെന്ന് രാഹുൽ ഗാന്ധി
ദില്ലി: ഗോവയിലെ കോൺഗ്രസ് ഓഫീസിനു നേരെ നടന്ന ബിജെപി അതിക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ജനാധിപത്യത്തെ ബി ജെ പി ഭീഷണിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അഹിംസാവാദികളായ കോൺഗ്രസ് പ്രവർത്തകരെ അടിച്ചമർത്താൻ ശ്രമിച്ച ഭരണാധികാരികളുടെ വിധി എന്താണെന്ന് മോദി പഠിക്കാൻ ശ്രമിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ഭയം അന്യമാണെന്ന് ഗോവയില്‍ കോൺഗ്രസിന് നേരെ അതിക്രമം അഴിച്ചുവിട്ടവരുടെ നേതാക്കളായി ദില്ലിയിലിരിക്കുന്നവര്‍ മനസ്സിലാക്കണം. ഇത് നമ്മള്‍ ആരാണെന്ന് വ്യക്തമാക്കാനുള്ള സമയമാണെന്നും രാഹുല്‍ കുറിച്ചു.
ഇന്നലെയാണ് ഗോവയിൽ കോൺഗ്രസ് ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. റഫാൽ ഇടപാടിൽ കോൺഗ്രസ് അസത്യപ്രചാരണങ്ങൾ നടത്തുന്നു എന്ന് ആരോപിച്ച് ബി ജെ പി, കോൺഗ്രസ് ഹൗസിലേക്ക് നടത്തിയ റാലിയിലാണ് സംഘർഷമുണ്ടായത്. ഇതേതുടർന്ന് കോൺഗ്രസ് ഹൗസിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
