രാഹുൽ ഗാന്ധിയെ സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രധാന പരാതി സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കെ വി തോമസ്

ദില്ലി:കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരെ ഹൈക്കമാൻഡിലേക്ക് പരാതി പ്രവാഹം. കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് വീഴ്ച്ച പറ്റിയെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതിനിടെ തനിക്ക് രാജ്യസഭാ സീറ്റ് നൽകാതിരിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ അതിബുദ്ധിയാണ് പിന്നിലെന്ന് പി ജെ കുര്യൻ വിമര്‍ശിച്ചു

രാജ്യസഭ സീറ്റ് ചര്‍ച്ചയിൽ തിടുക്കത്തിലാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. എഐസിസി ജനറൽ സെക്രട്ടറി മുകുൾവാസ്നിക് കോൺഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം തേടാതെ നേതൃത്വത്തെ വിശ്വസിച്ച് തീരുമാനം അറിയിച്ചു. സംസ്ഥാന നേതൃത്വം തെറ്റിദ്ധരിപ്പിച്ചുവെന്നും വിലയിരുത്തലുണ്ട്. പ്രശ്ന പരിഹാരത്തിന് രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് കോൺഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

എ കെ ആന്‍റണിയോട് പോലും ആലോചിക്കാതെയാണ് ഹൈക്കമാൻഡിൽ സംസ്ഥാന നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയത്. രാജ്യസഭ സീറ്റില്ലെങ്കിലും യുഡിഎഫിലെത്താമെന്ന നിലപാടിലായിരുന്നു ആദ്യം കേരള കോൺഗ്രസ്. ഇതിനിടയിലാണ് രാജ്യസഭ സീറ്റ് വാഗ്ദ്ധാനം ഉമ്മൻ ചാണ്ടി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ വിലയ വിമര്‍ശനമാണ് കോൺഗ്രസ് എംപിമാര്‍ക്കിടയിലും ഉയരുന്നത്. പരാതികളെത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതൃമാറ്റ ചര്‍ച്ചയിൽ രാഹുലിന്‍റെ ഇടപെടൽ നിര്‍ണായകമാകും.