ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാഹുൽഗാന്ധിയെ പിന്തുണച്ച് 89 സെറ്റ് പത്രികയാണ് സമര്‍പ്പിത്. കോണ്‍ഗ്രസിന്‍റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞു. രാജാക്കാന്മാര്‍ക്ക് മാത്രം ഇടമുള്ള കോണ്‍ഗ്രസിലെ ഔരങ്കസേബ് രാജിന് ആശംസ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. രാജ്യത്തെ 125 കോടി ജനങ്ങളാണ് ബി.ജെ.പിയുടെ ഹൈക്കമാന്‍റെന്നും മോദി പറഞ്ഞു.

രാവിലെ 11 മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പാകെ രാഹുൽ ഗാന്ധി പത്രിക സമര്‍പ്പിച്ചത്. മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്, ഗുലാംനബി ആസാദ്, എ.കെ.ആന്‍റണി ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണച്ചു. എതിരാളികളില്ലാത്ത തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ എല്ലാ ദേശീയസംസ്ഥാന നേതാക്കളെയും മുന്നിൽ നിര്‍ത്തിയായിരുന്നു രാഹുലിന്‍റെ പത്രിക സമര്‍പ്പണം. രാഹുലിനെ പിന്തുണച്ച് 89 സെറ്റ് പത്രിക കിട്ടിയതായി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിൽ നിന്ന് മൂന്ന് സെറ്റ് പത്രിക നൽകി. പത്രികകളെ 890 പേര്‍ പിന്തുണച്ചു. 1998 മുതൽ 19 വര്‍ഷക്കാലം സോണിയാഗാന്ധി മുന്നോട്ടുവെച്ച നേതൃത്വത്തിന്‍റെ തുടര്‍ച്ചയായവും രാഹുലിന്‍റേതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.

ഡിസംബര്‍ 11നാകും രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി എ.ഐ.സി.സിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എങ്കിലും നാളെ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയാകുന്നതോടെ രാഹുൽ ഗാന്ധി അദ്ധ്യാക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായുള്ള അനൗദ്യോഗിക സ്ഥിരീകരണം വരും. 2013ലാണ് രാഹുൽ കോണ്‍ഗ്രസിന്‍റെ ഉപാദ്ധ്യക്ഷനായത്. നാല് വര്‍ഷത്തിന് ശേഷം അദ്ധ്യക്ഷനായി മാറുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുൽ ഗാന്ധിയെ കാണുന്നത്.