ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയ്‌ക്കായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയെച്ചൊല്ലി കേരള നേതാക്കളില്‍ തര്‍ക്കം. പത്രികയില്‍ ആരൊക്കെ ഒപ്പിടണമെന്നത് സംബന്ധിച്ചു മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചില്ലെന്ന പരാതി. കെ പിസിസി അധ്യക്ഷന്‍ എം എം ഹസനെ നേരില്‍ കണ്ടു നേതാക്കള്‍ പരാതി അറിയിച്ചു.
രാഹുല്‍ ഗാന്ധിയ്‌ക്കായി 30 പേര്‍ ഒപ്പിട്ട മൂന്ന് നാമ നിര്‍ദേശ പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിച്ചത്. പത്രികയില്‍ ഒപ്പിട്ടവരില്‍ എ ഐ ഗ്രൂപ്പുകളുടെ അതിപ്രസരം പ്രകടമായതോടെ ഹൈക്കമാന്‍ഡുമായി അടുപ്പമുള്ള നേതാക്കള്‍ പരാതിയുമായി രംഗത്തെത്തി. കെ സി വേണുഗോപാല്‍ , കൊടിക്കുന്നില്‍ സുരേഷ്, പി സി ചാക്കോ എന്നിവര്‍ കെ പിസിസി അധ്യക്ഷന്‍ എം എം ഹസനെ പ്രതിഷേധം അറിയിച്ചു. നോമിനേഷനില്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഒപ്പിടുമെന്ന് ഉറപ്പുവരുത്താന്‍ പിസിസികള്‍ക്ക് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.
എ, ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാക്കള്‍ മാത്രമാണ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്. പരാതി ഒഴിവാക്കാന്‍ വി.എം സുധീരനേയും ഉള്‍പ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ ഉമ്മന്‍ ചണ്ടി വിട്ടുനിന്നതും ശ്രദ്ധേയമായി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂര്‍ത്തിയാകും.
ഇതോടെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ 11ന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.
