കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, ഭരണഘടനാ സ്ഥാനപനങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും റഫാല്‍ അഴിമതി സംബന്ധിച്ചും ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളില്‍ ഗഡ്കരി ഉത്തരം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു
ദില്ലി: കേന്ദ്ര മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരതീയ ജനതാ പാര്‍ട്ടിയിലെ തന്‍റേടമുള്ള ഏക നേതാവ് നിതിന്‍ ഗഡ‍്കരിയാണെന്നാണ് രാഹുല്‍ പ്രശംസിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, ഭരണഘടനാ സ്ഥാനപനങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും റഫാല്‍ അഴിമതി സംബന്ധിച്ചും ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നേരത്തെ, കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തിരുന്നു. കുടുംബത്തെ മാന്യമായി പോറ്റാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ലെന്നും എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരമായി നടത്തി ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജീവിതം മാറ്റിവെച്ചു എന്ന് പറയുന്ന ഒരുപാട് പേരെ താന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരാളോട് അയാള്‍ എന്ത് ചെയ്യുകയാണെന്നും കുടുംബത്തില്‍ ആരെല്ലാമുണ്ടെന്നും താന്‍ ചോദിച്ചു. ലാഭം ലഭിക്കാത്തതിനാല്‍ നടത്തിയിരുന്ന കട അടച്ച് പൂട്ടിയെന്നും വീട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാളുടെ മറുപടി.
അദ്ദേഹത്തോട് കുടുംബത്തെ നന്നായി നോക്കാനാണ് താന്‍ നിര്‍ദേശിച്ചത്. നന്നായി കുടുംബത്തെ നോക്കാത്ത ഒരാള്‍ക്ക് ഒരിക്കലും രാജ്യത്തെയും നോക്കാനാവില്ല. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.
