അന്തരിച്ച കോൺഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്‍റെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി ആദ്യം പോയത്.

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. അൽപ്പം മുമ്പാണ് രാഹുൽ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, ശശി തരൂർ എംപി തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

അന്തരിച്ച കോൺഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്‍റെ വീട്ടിലേക്കാണ് രാഹുൽ ഗാന്ധി ആദ്യം പോയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. എംഐ ഷാനവാസിന്‍റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന കോൺഗ്രസ് ബൂത്ത് കമ്മിറ്റി അധ്യക്ഷൻമാരുടെ നേതൃയോഗത്തിൽ രാഹുൽ പങ്കെടുക്കും. 
നിർണായകമായ തെരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസ് അധ്യക്ഷന്‍റെ വരവിന്‍റെ ഉദ്ദേശം.

വിവിധ സീറ്റുകളിൽ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും രാഹുൽ ഗാന്ധി നടത്തും . കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് തലവേദന. 

കേരള കോൺഗ്രസ് ലീഗ് നേതാക്കൾ വൈകുന്നേരത്തെ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും. കേരളത്തിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി നിർണയവും സംബന്ധിച്ചും രാഹുലിന്‍റെ സന്ദർശനത്തിനുശേഷമേ തീരുമാനമാകൂ. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷന്‍റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കൾ തേടുന്നുണ്ട്. സിറ്റിങ് എം പി മാർ തന്നെ മൽസരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങൾ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചർച്ചകൾ തുടരുന്നത്.