കേരളത്തിലെയും അസമിലെയും തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ ശസ്ത്രക്രിയ വേണമെന്ന ആവശ്യവുമായി ദിഗ്വിജയ് സിംഗ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരികയും ഇപ്പോള്‍ അധികാരം കൈയാളുന്ന അഹമ്മദ് പട്ടേലുള്‍പ്പടെയുള്ളവരെ മാറ്റുകയുമാണ് ഈ നേതാക്കളുടെ ലക്ഷ്യം. 

ഈ മാസം തന്നെ രാഹുലിനെ അദ്ധ്യക്ഷ പദവിയിലേയ്ക്ക് കൊണ്ടുവരുമെന്നും ഇതിനായി പ്രവര്‍ത്തകസമിതി ചേരുമെന്നും അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് എതിര്‍പ്പുമായി മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗി രംഗത്തെത്തിയിരിയ്ക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റുകൊടുത്ത് ബിജെപിയ്‌ക്കൊപ്പം ഒത്തുകളിച്ചുവെന്നതുള്‍പ്പടെ അജിത് ജോഗിയ്ക്കും മകന്‍ അമിത് ജോഗിയ്ക്കുമെതിരെ നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. 

ഇതിന്‍റെ പേരില്‍ പാര്‍ട്ടി നേതൃത്വവുമായി ജോഗി ഇടഞ്ഞിരുന്നു. ജൂണ്‍ ആറിന് ബഹുജനറാലി നടത്തുമെന്നാണ് ജോഗിയുടെ പ്രഖ്യാപനം. എന്നാല്‍ രാഹുലിന്‍റെ സ്ഥാനക്കയറ്റം സംബന്ധിച്ച് പുകമറ സൃഷ്ടിച്ച് കോണ്‍ഗ്രസ് ഇനിയും നാണം കെടരുതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

റോബര്‍ട്ട് വദ്രയുടെ ഇടപാടുകളിലും ഹെലികോപ്റ്റര്‍ അഴിമതിയിലും നെഹ്‌റു കുടുംബത്തിനെതിരെ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം തുടങ്ങിയ സാഹചര്യത്തില്‍ക്കൂടിയാണ് രാഹുലിന്‍റെ സ്ഥാനാരോഹണം ചര്‍ച്ചയാകുന്നത്. എന്നാല്‍ പ്രവര്‍ത്തകസമിതി എന്നു ചേരുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു.