ദില്ലി: റഫാല്‍ ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ വെല്ലുവിളിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. ഇമ്മാനുവൽ മാക്രോയുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള അവകാശവാദം കളവാണെന്ന് പറഞ്ഞ അവര്‍ സംഭാഷണത്തിനു തെളിവ് നല്കാൻ  രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചു.  

യുപിഎ കാലത്ത് റഫാൽ അടിസ്ഥാനവില നിശ്ചയിച്ചത് 737 കോടിയാണ്. എൻഡിഎ വാങ്ങിയത് 670 കോടിക്കാണെന്നും നിർമ്മലാ സീതാരാമൻ പറ‍ഞ്ഞു. റഫാൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കുകയല്ല. നിർമ്മാണം പൂർത്തിയാക്കിയ വിമാനങ്ങളുടെ എണ്ണം 18ൽ നിന്ന് 36 ആക്കി മാറ്റുകയായിരുന്നു.

അടിയന്തരഘട്ടത്തിൽ വ്യോമസേന എപ്പോഴും 36 വിമാനങ്ങൾ വാങ്ങാനാണ് ഉപദേശിക്കുന്നത്. യുപിഎ ഭരണകാലത്ത് റഫാൽ ഇടപാടിന് അന്തിമരൂപം നല്കാത്തത് കമ്മീഷൻ കിട്ടാത്തതു കൊണ്ടാണെന്നും റഫാല്‍ ചര്‍ച്ചയ്ക്ക് മറുപടിയായി അവര്‍ പറഞ്ഞു.  

താന്‍ ഫ്രഞ്ച് പ്രസിഡന്‍റുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു കരാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് പ്രസിഡന്‍റ് മറുപടി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി അന്ന് സഭയില്‍ പറഞ്ഞിരുന്നു.