കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14 ഡി.സി.സി പ്രഡിസന്റുമാരുമായി രാഹുൽഗാന്ധി നാളെ ദില്ലിയിൽ ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല. സംഘടാനാ തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് കെ സുധാകരൻ രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടു.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടക്കുന്നത്. കുറച്ച് നാളത്തേക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ താലപര്യം. സമവായത്തിലൂടെ സ്ഥിരം പ്രസിഡന്റിനെ നിശ്ചയിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം ഉറച്ച് നിൽക്കുകയാണ്.14 ഡി.സി.സി പ്രസിഡന്റുമാരുമായി രാഹുൽഗാന്ധി ചർച്ച നടത്തും. സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് സ്ഥിരം പ്രസിഡന്റിനെ നിയമിക്കണോ സമവായത്തിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കണോ തുടങ്ങിയ കാര്യങ്ങളിലാണ് ഡി.സി.സി പ്രസിഡന്റുമാരുടെ അഭിപ്രായം തേടുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിൽ താഴേ തട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കമാൻഡിന്റെ താലപര്യം. അങ്ങനെയെങ്കിൽ ഡി.സി.സി പ്രസിഡന്റുമാർ ഉൾപ്പടെ മാറും. എല്ലാവരെയും ഉൾക്കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കൂ.
