ചെന്നൈ: ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധിയെ സന്ദര്‍ശിയ്ക്കാന്‍ ഇന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തും. രാവിലെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയിലെത്തുന്ന രാഹുല്‍ ഗാന്ധി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും രാഹുല്‍ഗാന്ധിയ്‌ക്കൊപ്പമുണ്ടാകും.
തൊണ്ടയ്ക്കും ശ്വാസകോശത്തിനും അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കരുണാനിധിയ്ക്ക് തൊണ്ടയിലൂടെ ട്യൂബ് ഘടിപ്പിച്ച് കൃത്രിമശ്വസനസഹായം നല്‍കാനുള്ള ചെറുശസ്ത്രക്രിയ നടത്തിയിരുന്നു.
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടപ്പോഴും രാഹുല്‍ ഗാന്ധി അവരെ കാണാനെത്തിയിരുന്നു.
