ഗൊരഖ്പൂര്‍: ഒരാഴ്ചയ്ക്കിടെ എഴുപതിലധികം പേര്‍ മരിച്ച ഗോരഖ്പൂരിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേഖലയിൽ സന്ദര്‍ശനം നടത്തും. മരിച്ച കുട്ടികളുടെ ബന്ധുക്കളെ കാണും. ശുചിത്വ ഉത്തര്‍പ്രദേശ് പ്രചാരണത്തിന്‍റെ ഭാഗമായി സ്വന്തം മണ്ഡമായ ഗോരഖ്പൂരിലെത്തിയ യോഗി ആദിത്യനാഥ് വെള്ളപ്പൊക്ക മേഖലകളും സന്ദര്‍ശിക്കും. അതേ സമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ബിആര്‍ഡി മെഡ‍ിക്കൽ കോളേജിലെത്തും. രോഗികളേയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും കാണും. 

ജപ്പാൻ ജ്വരത്തെക്കുറിച്ച് പഠനം നടത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ബിആര്‍ഡി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടര്‍ രാജീവ് മിശ്രയ്ക്കും ശിശുരോഗ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ കഫീൽ ഖാനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ചികിത്സ വീഴ്ചയുണ്ടായിട്ടില്ലെങ്കിലും ആശുപത്രി ഭരണത്തിൽ വീഴ്ച്ചയുണ്ടാകാനുള്ള സാധ്യത ഐഎംഎ തള്ളിക്കളഞ്ഞില്ല.