ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ഗാന്ധിക്കും ഇടയില്‍ വാക്‌പോര് രൂക്ഷമാകുന്നു. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പോരാട്ട ഭൂമിയില്‍ നിന്ന് ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ വിടുവായത്തം നിര്‍ത്തി ഭരണം ഉപേക്ഷിച്ച് പോവുന്നതാണ് നല്ലതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്നലെ കോണ്‍ഗ്രസിനെ ചിതലിനോടുപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ കൂടുതല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.പോരാടാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ട ഭൂമി വിട്ട് പലായനം ചെയ്ത് കഴിഞ്ഞു. ഇനി നടക്കാന്‍ പോവുന്നത് ഏകപക്ഷീയമായ തെരഞ്ഞെടുപ്പെന്നായിരുന്നു മോദിയുടെ പരിഹാസം.

കോണ്‍ഗ്രസിനെയും അഴിമതിയെയും ഒരിക്കലും മാറ്റിനിര്‍ത്താനാകില്ലെന്നും ഒന്ന് മറ്റൊന്നിനാപ്പമുള്ളതാണെന്നും മോദി പരിഹസിച്ചു. നോട്ട് നിരോധനം പുതിയ ആശയമല്ലെന്നും അത് നടപ്പാക്കാനുള്ള ധൈര്യമാണ് താന്‍ കാട്ടിയതെന്നും ഇന്ദിരാഗാന്ധി 100 രൂപാ നോട്ട് നിരോധിക്കാന്‍ ആലോചിച്ച കാര്യം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. എന്നാല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാതെ പൊങ്ങച്ചം പറയുകയാണ് മോദി നയിക്കുന്ന സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

ഒന്നും ചെയ്യാനാകില്ലെങ്കില്‍ രാജിവച്ച് പുറത്ത് പോവൂ എന്ന് ട്വീറ്റില്‍ രാഹുല്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വര്‍ഷിക ദിനത്തില്‍ ഗുജറാത്തിലെ സൂറത്തിലെ പ്രതിഷേധ പരിപാടികളിലാവും രാഹുല്‍ ഗാന്ധി പങ്കെടുക്കുക. അതിനു മുന്നോടിയായി വാക് പോര് രൂക്ഷമാകുകയാണ്