ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മേദിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്. ഓഖി ദുരന്തത്തില്‍ സമഗ്രമായ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയ്ക്ക് രാഹുല്‍ കത്ത് നല്‍കിയത്. തീരദേശത്തെ സമഗ്ര വികസനത്തിനും പുനരധിവാസത്തിനും സാമ്പത്തിക സഹായം നല്‍കണം. കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും പാക്കേജ് അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു.

ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച തന്റെ അനുഭവം വ്യക്തമാക്കുന്ന കത്തില്‍ വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് തീരദേശത്തെ കുടുംബങ്ങള്‍. കടലില്‍ പോയവരില്‍ നിരവധി പേര്‍ ഇപ്പോഴും തിരിച്ചുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സര്‍ക്കാരിന്റെ സഹായം മത്സ്യത്തൊഴിലാളികള്‍ അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പങ്കുവഹിക്കുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹം. എന്നാല്‍ സമൂഹത്തില്‍ അവരുടെ സ്ഥാനം സാമ്പത്തികമായി ഏറെ പിന്നിലാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ട നടപടികള്‍ ഉണ്ടാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

അതേസമയം വരുന്ന ദിവസം തിരുവന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. നേരത്തേ മോദി തീരപ്രദേശങ്ങള്‍ സഞ്ചരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരപ്രദേശത്ത് സന്ദര്‍ശനം നടത്താത്തതെന്നാണ് വിശദീകരണം.