Asianet News MalayalamAsianet News Malayalam

ഇതാണ് 'പുതിയ' കോണ്‍ഗ്രസ്; മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ 'ന്യൂജെന്‍' ചുവടുവയ്പ്

വിജയിച്ചവര്‍ക്കെല്ലാം ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ച ശേഷം രാഹുല്‍ ആ പ്രധാനപ്പെട്ട ചോദ്യം ചോദിക്കും. 'ഇനി ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു. ആരായിരിക്കണം മുഖ്യമന്ത്രി? ഒരേയൊരു പേര് മാത്രം നിര്‍ദേശിക്കുക. ഞാനല്ലാതെ മറ്റൊരാളും നിങ്ങള്‍ നിര്‍ദേശിക്കുന്നയാള്‍ ആരെന്ന് അറിയില്ല...'
 

rahul gandhis audio message to party workers to select chief ministers
Author
Delhi, First Published Dec 13, 2018, 10:53 AM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ ഭരണമുറപ്പിച്ച കോണ്‍ഗ്രസ് മൂന്നിടങ്ങളിലും മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ളത് ആര്‍ക്കെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തീരുമാനത്തിന്റെ പൂര്‍ണ്ണമായ അധികാരവും അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്കാണ് പാര്‍ട്ടി വിട്ടുകൊടുത്തിരിക്കുന്നത്. 

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കേണ്ടത്. മൂന്നിടങ്ങളിലും നിലവില്‍ പരിഗണനാപട്ടികയില്‍ പ്രമുഖ നേതാക്കളുണ്ട്. എങ്കിലും ആരെയായിരിക്കും അവസാനമായി തെരഞ്ഞെടുക്കുകയെന്ന ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിയിലാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നത്. 

ഇതിനായി 'ന്യൂജെന്‍' ചുവടുവയ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലേക്കെത്തുന്ന തരത്തില്‍ ഒരു 'ഓഡിയോ മെസേജ്' ആണ് ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. വിജയിച്ചവര്‍ക്കെല്ലാം ആദ്യം തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ച ശേഷം രാഹുല്‍ ആ പ്രധാനപ്പെട്ട ചോദ്യം ചോദിക്കും. 

'ഇനി ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു. ആരായിരിക്കണം മുഖ്യമന്ത്രി? ഒരേയൊരു പേര് മാത്രം നിര്‍ദേശിക്കുക. ഞാനല്ലാതെ മറ്റൊരാളും നിങ്ങള്‍ നിര്‍ദേശിക്കുന്നയാള്‍ ആരെന്ന് അറിയില്ല. പാര്‍ട്ടിക്കകത്തുള്ള ആളുകളും അറിയാന്‍ പോകുന്നില്ല. ബീപ് ശബ്ദത്തിന് ശേഷം പ്രതികരിക്കുക' - ഇതാണ് രാഹുലിന്റെ ഓഡിയോ മെസേജ്. 

ഓരോ സംസ്ഥാനത്തുമുള്ള പ്രവര്‍ത്തകര്‍ക്കും അവരവരുടെ മുഖ്യമന്ത്രിയെ നിര്‍ദേശിക്കാം. ഇതുവരെ രാജ്യത്തിനകത്തെ ഏതാണ്ട് രണ്ടര ലക്ഷത്തോളം പ്രവര്‍ത്തര്‍ക്ക് ഈ ശബ്ദസന്ദേശം ലഭിച്ചുവെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ 'ന്യൂജെന്‍' പരിപാടിക്ക് പാര്‍ട്ടിക്കകത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

'ഇതിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരുന്നത്. ഇതാണ് പുതിയ കോണ്‍ഗ്രസ്'- പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രതികരിച്ചു. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ യുവതാരമായ സച്ചിന്‍ പൈലറ്റും മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടുമാണ് പരിഗണനയിലുള്ളത്. മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭഗെല്‍, ടി എസ് സിംഗ് ഡിയോ, തമ്രദ്വാജ് സാഹു തുടങ്ങി പല പേരുകളുമാണ് പരിഗണനയിലുള്ളത്.

Follow Us:
Download App:
  • android
  • ios