മാണ്ഡ്യ; വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 150-ലേറെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ബിജെപി നേതാവ് ബി.എസ്.യെദ്യൂരിയപ്പ.
കര്‍ണാടകയിലെ 30 ജില്ലകളിലൂടേയും 224 നിയമസഭാ മണ്ഡലങ്ങളിലൂടേയും യെദ്യൂരിയപ്പ നടത്തുന്ന പരിവര്‍ത്തന്‍ യാത്ര 75 ദിവസം തികയ്ക്കുന്ന വേളയിലാണ് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷ അദ്ദേഹം പങ്കുവച്ചത്. ജനുവരി 25-ന് മൈസൂരിലാണ് പരിവര്‍ത്തന്‍ യാത്രയുടെ സമാപനം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നരവര്‍ഷത്തെ ഭരണവും കോണ്‍ഗ്രസിന്റെ അഞ്ച് വര്‍ഷത്തെ ഭരണവും വച്ചാവും വോട്ട് തേടുകയെന്ന് പറഞ്ഞ യെദ്യൂരിയപ്പ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രദര്‍ശനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം സ്വന്തം മതത്തെ ഓര്‍ക്കുന്ന അവസരവാദിയായ ഹിന്ദു എന്നാണ് യെദ്യൂരിയപ്പ രാഹുലിനെ വിശേഷിപ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ വികസനം തന്നെയാണ് മുഖ്യഅജന്‍ഡയെന്ന് വ്യക്തമാക്കിയ യെദ്യൂരിയപ്പ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡയ്ക്കും മൈസൂര്‍ എംപി പ്രതാപ് സിംഹയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
