ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യൻ സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ചോദിച്ചു.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വീണ്ടും മലക്കം മറിഞ്ഞ് പി ജെ കുര്യൻ. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. നടപടി പിൻവലിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യൻ സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ? കോൺഗ്രസ് നേതാക്കളോട് മാത്രം 'ധാർമികത' ചോദ്യം ചോദിക്കുന്നത് എന്തിനാണ്? രാഹുലിനെ തിരിച്ചെടുക്കണമെന്നും പിജെ കുര്യൻ ആവശ്യപ്പെട്ടു. ഇന്നലെ രാഹുൽ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുൽ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് താൻ പ്രതികരണം നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടു. കൂടുതലും സംസാരിച്ചത് മറ്റുകാര്യങ്ങളെന്നും പിജെ കുര്യൻ വ്യക്തമാക്കി.

