ദില്ലി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമവും ധ്രുവീകരണത്തിന്‍റെ രാഷ്ട്രീയം അതിന്‍റെ ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുൽ, കലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന് സംഭവിച്ചതെന്തെന്ന് പറയാനും രാഹുല്‍ തയാറായി. 2012 ഓടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഹങ്കാരം കൂടി. ജനങ്ങളുമായി ചര്‍ച്ചയില്ലാതായി, രാഹുല്‍ തുറന്നുപറഞ്ഞു.
ധ്രുവീകരണത്തിന്‍റെ രാഷ്ട്രീയം അപകടമാണ്. അത് ജനങ്ങളെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കും. ഇന്ന് ഇന്ത്യയില്‍ പുരോഗമനവാദികളായ ജേര്‍ണലിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നു, ബീഫ് കഴിക്കുന്നതിന്‍റെ പേരില്‍ മുസ്സീങ്ങളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നു. ഇതാണ് പുതിയ ഇന്ത്യ, രാഹുല്‍ പറഞ്ഞു.
രാജ്യത്ത് അക്രമം വര്‍ദ്ധിക്കുന്നു. അത് അപകടമാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്ക്കെല്ലാം നമ്മെ നശിപ്പിക്കാന്‍ കഴിയും. അക്രമരാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ച് നിര്‍ത്തിയിരുന്നത്. എന്നാല്‍ അഹിംസ എന്ന സന്ദേശം പോലും ഇല്ലാതായിരിക്കുന്നു എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ച മോദിയുടെ തീരുമാനത്തെയും കടുത്ത ഭാഷയില്‍ രാഹുല്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം മൂലം രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ 86 ശതമാനവും ഇല്ലാതായി. ജിഡിപിയുടെ രണ്ട് ശതമാനം താഴ്ന്നു. ജിഎസ്ടി നടപ്പാക്കിയതും സാമ്പത്തികരംഗത്തിന് കനത്ത സമ്മര്‍ദമുണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി തൊഴിലാണ്. വര്‍ഷം തൊറും ഏകദേശം 1.2 കോടി യുവാക്കളാണ് തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ചൈനയെ പോലയല്ല, ഞങ്ങള്‍ക്ക് ജനാധിപത്യ അന്തരീക്ഷത്തില്‍ തന്നെ തൊഴിലവസരം സൃഷ് ടിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
