ദില്ലി: കെ പി സി സിയുടെ പുതിയ പ്രസിഡന്റിനെ സമവായത്തിലൂടെ നിര്‍ണ്ണയിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. പുതിയ പ്രസിഡന്റിനെ ഉടന്‍ നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിശ്ചയിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് തയ്യാറാക്കിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച. സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമേ രാഹുല്‍ഗാന്ധി തീരുമാനമെടുക്കൂ. താല്ക്കാലിക പ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ട് സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഹുല്‍ഗാന്ധിയെ കണ്ടു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, കെ വി തോമസ്, ബെന്നിബഹന്നാന്‍, എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.