Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അമേഠിയിലെ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് രാഹുല്‍ ഗാന്ധി

പുരാതന ക്ഷേത്രങ്ങളായ ഗൗരിഗജ്ഞിലെ ദുര്‍ഗാ ക്ഷേത്രം, അമേഠി സാംഗ്രാംപൂരിലെ കാലികന്‍ ദേവി ക്ഷേത്രം തുടങ്ങി 13 ക്ഷേത്രങ്ങളില്‍ ഹെെ മാസ്റ്റ് സോളാര്‍ ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായതായി കോണ്‍ഗ്രസ് നേതാവ് അനില്‍ സിംഗ് പറഞ്ഞു

Rahul to renovate temples in Amethi
Author
Amethi, First Published Dec 20, 2018, 11:30 AM IST

അമേഠി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി സ്വന്തം മണ്ഡലമായ അമേഠിയിലെ പുരാതന ക്ഷേത്രങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എംപി ഫണ്ടില്‍ നിന്നുള്ള പണം വിനിയോഗിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനങ്ങള്‍ നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ബിജെപിക്കെതിരെ മികച്ച വിജയം നിയമസഭ തെരഞ്ഞെടുപ്പില്‍ നേടാന്‍ ഈ നീക്കം സഹായിച്ചെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്.

പുരാതന ക്ഷേത്രങ്ങളായ ഗൗരിഗജ്ഞിലെ ദുര്‍ഗാ ക്ഷേത്രം, അമേഠി സാംഗ്രാംപൂരിലെ കാലികന്‍ ദേവി ക്ഷേത്രം തുടങ്ങി 13 ക്ഷേത്രങ്ങളില്‍ ഹെെ മാസ്റ്റ് സോളാര്‍ ലെെറ്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായതായി കോണ്‍ഗ്രസ് നേതാവ് അനില്‍ സിംഗ് പറഞ്ഞു. കൂടാതെ ക്ഷേത്രങ്ങളുടെ സൗന്ദര്യവത്കരണത്തിനൊപ്പം വിവിധ സംഗീത ഉപകരണങ്ങളും നല്‍കും.

മേളകള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് ഹെെ മാസ്റ്റ് ലെെറ്റുകള്‍ സ്ഥാപിക്കുക. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മാത്രമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ഉമാശങ്കര്‍ പാണ്ഡെ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി രാജ്യമെങ്ങും ധര്‍മസഭകള്‍ കൂടുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന് ഭയമുണ്ട്.

ഇതാണ് അമേഠിയിലെ ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിന് പിന്നില്‍. അത് നല്ല തീരുമാനമാണെങ്കിലും വെറും രാഷ്ട്രീയ നേട്ടം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. സെപ്റ്റംബറില്‍ അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിയെ 'ഹര്‍ ഹര്‍ മഹാദേവ്' മന്ത്രങ്ങള്‍ ചൊല്ലി സ്വീകരിച്ചിരുന്നു. മാസവരോവര്‍ യാത്ര നടത്തിയ ശേഷം തിരിച്ചെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇങ്ങനെ ഒരു സ്വീകരണം ലഭിച്ചത്. 

Follow Us:
Download App:
  • android
  • ios