ആരോപണം സത്യമല്ല. ആരോപണം ഉണ്ടാകുന്നതിന് രണ്ട് വർഷം മുമ്പ് തന്നെ രാഹുലിനെ പരിചയം ഉണ്ടെന്നും ദീപ
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരായ ലൈംഗികാരോപണം തള്ളി ഭാര്യ ദീപ. ആരോപണം സത്യമല്ല. ആരോപണം ഉണ്ടാകുന്നതിന് രണ്ട് വർഷം മുമ്പ് തന്നെ രാഹുലിനെ പരിചയം ഉണ്ടെന്നും ദീപ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിന്റെ അമ്മയും ബന്ധുവും ജോലിക്കാരിയും ഉൾപ്പടെ നാലുപേരാണ് രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
തനിക്കെതിരായ മീ ടൂ ആരോപണം വ്യക്തിഹത്യയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് പിണറായി അവസാനിപ്പിക്കണം. തനിക്ക് എതിരെ കൂടുതൽ വ്യാജ ആരോപണം വരാൻ ഇടയുണ്ട്. തന്നെപോലെ വലതുപക്ഷത്ത് നിൽക്കുന്നവരെ തേജോവധം ചെയ്യാൻ മീ ടു ഉപയോഗിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന മീ ടു ആരോപണം ശബരിമലയുടെ പവിത്രതയ്ക്ക് എതിരായ തീവ്ര ഫെമിനിസ്റ്റ് നീക്കമാണ്. തരംതാണ പ്രവൃത്തിയാണ് ഇത്. ശബരിമലയിൽ യുവതികളായ ഫെമിനിസ്റ്റുകൾ പ്രവേശിച്ചാൽ വ്യാജ ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്നും രാഹുൽ ഈശ്വർ പ്രസ്താവനയിൽ പറഞ്ഞു. ജാമ്യം റദ്ദാക്കാൻ ഇടയുണ്ടെന്ന് വ്യക്തമാക്കി പ്രസ്താവന വായിക്കുകയായിരുന്നു രാഹുല്‍. വിവാദ പ്രസ്താവനയെ തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടിരുന്നു.
അതേസമയം തന്റെ പൗത്രനായ രാഹുൽ ഈശ്വറിൽ പൂർണ വിശ്വാസമുണ്ടെന്ന് മുത്തശ്ശി ദേവകി അന്തര്‍ജനം പറഞ്ഞു. രാഹുലിനെ കരി വാരിത്തേക്കാനോ, പിന്നില്‍നിന്ന് കുത്താനോ ശ്രമിക്കുന്നത് ശരിയല്ല. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും ദേവകി അന്തര്‍ജനം വ്യക്തമാക്കി. താഴമണ്‍ തന്ത്രി കുടുംബാംഗമല്ല രാഹുല്‍ എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം തന്ത്രി കുടുംബം വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.
കഴിഞ്ഞ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ വക്രീകരിച്ചാണ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും പ്രചരിപ്പിച്ചത്. ഇത് നിരാശ ഉണ്ടാക്കി. ശബരിമല കാര്യത്തിൽ അയ്യപ്പന് പ്ലാൻ ഉണ്ടെന്നും നവംബർ അഞ്ചിന് ശേഷം കൂടുതൽ പറയാമെന്നും രാഹുൽ ഈശ്വർ.
