ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹിന്റെ സിർസയിലെ ആശ്രമത്തിൽ രണ്ടാം ദിനവും റെയ്ഡ് തുടരുന്നു.ആശ്രമത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആയുധ നിർമാണശാലയും വൻ ആയുദ്ധ ശേഖരവും പോലീസ് കണ്ടെത്തി. അതിനിടെ സിർസയിലെ ആശ്രമത്തിൽ നിന്ന് രേഖകളില്ലാതെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ സ്വാകര്യാശുപത്രിയിലേക്ക് കടത്തിയതിന്‍റെ തെളിവുകൾ ഇന്ന് പുറത്ത് വന്നു.
സിർസയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് അതീവ സുരക്ഷയിലാണ് രണ്ടാം ദിനവും റെയ്ഡ് തുടരുന്നത്. ആശ്രമത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആയുധ നിർമാണ ശാല ഇന്ന് കണ്ടെത്തി. 80 പെട്ടികളിലായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പോലീസ് സീൽ ചെയ്തു.ഗുർമീതിന് രക്ഷപ്പെടാനായി നിർമിച്ചതടക്കം രണ്ട് തുരങ്കങ്ങളും ഇന്ന് കണ്ടെത്തിയിട്ടുണ്ട്.അതിലൊന്ന് ഗുർമീതിന്‍റെ ഭൂഗർഭ മുറിയും വനിതാ അനുയായികൾ താമസിക്കുന്ന ഹോസ്റ്റലും ബന്ധിപ്പിച്ചാണ്. മറ്റൊന്ന് ആശ്രമത്തിന് 5 കിലോമീറ്റർ മാറി തുറക്കുന്ന തരത്തിലും . ഇത് അടിയന്തര സാഹചര്യ്ത്തിൽ ഗുർമീതിന് രക്ഷപ്പെടാനായി നിർമിച്ചതെന്ന് കരുതുന്നു.ഇന്നലെ ആശ്രമത്തിൽ നിന്ന് മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ദേരാ സച്ചാ സൗദാ അനുയായികളുടെ മൃതദേങ്ങൾ ആശ്രമത്തിനുള്ളിൽ സംസ്കരിച്ചിട്ടുണ്ടെന്നാണ് സംഘടനയുടെ മുഖപത്രമായ ‘സച്ച് കഹൂൻ’ ഇന്ന് വ്യക്തമാക്കിയത്. അതിനിടെ ഗുർമീതിന്‍റെ ആശ്രമത്തിൽ നിന്ന് രേഖകളില്ലാതെ മൃതദേഹങ്ങൾ ഉത്തർ പ്രദേശിലെ സ്വാകര്യ ആശുപത്രിക്ക് സ്ഥിരീകരിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കത്ത് പുറത്ത് വന്നു.ഉത്തർപ്രദേശിലെ ലക്നൗവിലെ സ്വകാര്യ മെഡിക്കൽ കോളജായ ജിസിആർജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് ഗുർമീത് റാം റഹിമിന്‍റെ ദേരാ സച്ചാ സൗദാ ആശ്രമത്തിൽ നിന്ന് 14 മൃതദേഹങ്ങൾ നൽകിയത്.
മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള മതിയായ രേഖകളോ സർക്കാരിന്റെ അനുവാദമോ ഇല്ലാതെയാണ് മൃതദേഹങ്ങൾ കടത്തിയത്.യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെ എങ്ങനെയാണ് ഈ ആശുപത്രിക്ക് ലൈസൻസ് നൽകിയതെന്ന പരാതിയിൽ അന്വേഷണം നടത്താൻ അലഹാബാദ് ഹൈക്കോടതി രൂപീകരിച്ച കമ്മീഷനാണ് മൃതദേഹം കടത്തിയ കാര്യം കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സർക്കാരിന് വിശദീകരണം ചോദിച്ച് കത്തയച്ചത്.
