കൊച്ചി: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗായിക റിമി ടോമി ഉള്‍പ്പെടെയുളളവരുടെ വീടുകളില്‍ ആദായനികുതിവകുപ്പിന്റെ റെയ്ഡ്. കണക്കില്‍പെടാത്ത പണം വിദേശത്തു നിന്ന് കടത്തിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ റിമിയുടെ മൊഴിയെടുത്തു. ഗായിക റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ രാവിലെ ആറരയ്‍ക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.
വീട്ടില്‍ ആരുമില്ലാത്തതിനാല്‍ റിമിയുടെ ഭര്‍ത്താവിനെ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. വിദേശത്ത് നിന്ന് കൊണ്ടുവന്ന രണ്ട് കോടി രൂപ കള്ളപ്പണം വെളുപ്പിക്കാന്‍, റിമി ടോമി തിരുവനന്തപുരത്തുള്ള സുപ്രീംകോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പനുമായി ബന്ധപ്പെട്ടെന്നാണ് ആരോപണം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണ രേഖകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
റിമിയുടെ ഇടപ്പള്ളിയിലെ വീട്ടിലും, തൊട്ടടുത്ത് അമ്മ താമസിക്കുന്ന വീട്ടിലുമാണ് പരിശോധന നടന്നത്. തിരുവനന്തപുരത്തായിരുന്ന റിമി ടോമി, വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റിമിയുടെ മൊഴി രേഖപ്പെടുത്തി. ഇടപാടുമായി ബന്ധപ്പെട്ട്, വിനോദ് കുട്ടപ്പന്റെയും ഇയാള്‍ സംസാരിച്ച വ്യവസായി മഠത്തില്‍ രഘുവിന്റെ കൊല്ലത്തെ വീട്ടിലും റെയ്ഡ് നടന്നു.
ചില പ്രവാസി വ്യവസായികള്‍ ഉള്‍പ്പെടെയുളളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഏറെക്കാലമായി ആദായനികുതി ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പലരുടെയും അക്കൗണ്ടിലേക്ക് കോടികണക്കിന് രൂപ എങ്ങനെ എത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇവരില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളുമായി പണമിടപാട് നടത്തിയതായും സൂചനയുണ്ട്.
