Asianet News MalayalamAsianet News Malayalam

പ്രീമിയം ട്രെയിനുകളിലെ നിരക്ക് വര്‍ധന പരീക്ഷാണടിസ്ഥാനത്തിലെന്ന് റെയില്‍വെ

Rail ticket surge pricing on experimental basis Railways
Author
Delhi, First Published Sep 8, 2016, 4:06 PM IST

ദില്ലി: ജനശതാബ്ദി, രാജധാനി, തുരന്തോ പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനം റെയില്‍വേ പുന:പരിശോധിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയത്. കുറച്ചുനാളുകള്‍ക്ക് ശേഷം തീരുമാനം പുനപരിശോധിക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ പറഞ്ഞു.

81 തീവണ്ടികളെയാണ് നിരക്ക് വര്‍ദ്ധന ബാധിക്കുക. ഇതിലൂടെ 500 കോടിയുടെ അധിക വരുമാനമാണ് റെയില്‍വേ ലക്ഷ്യമിട്ടത്. തിരക്കനുസരിച്ച് പത്ത് ശതമാനം സീറ്റുകളില്‍ ബുക്കിംഗ് പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള ബുക്കിംഗുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വീതം നിരക്ക് കൂട്ടാനായിരുന്നു തീരുമാനം. ഇതോടെ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ അമ്പതുശതമാനം ഉയര്‍ന്ന നിരക്കു നല്‍കേണ്ടിവരുമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍, തേര്‍ഡ് എസി, ടു എസി ടിക്കറ്റുകളിലും ശതാബ്ദി ട്രെയിനുകളിലെ ചെയര്‍കാര്‍ സീറ്റിനുമാണ് ഈ നിരക്കുവര്‍ധന. ഫസ്റ്റ്ക്ളാസ് എ.സി, എക്സിക്യുട്ടീവ് ക്ളാസ് ടിക്കറ്റുനിരക്കുകളില്‍ മാറ്റമുണ്ടാവില്ല. തത്കാല്‍ ബുക്കിങ് ആവശ്യമുള്ളവര്‍ക്ക് അന്‍പതുശതമാനം അധികം പണം നല്‍കി ടിക്കറ്റെടുക്കാം. ഇവരില്‍നിന്ന് തത്കാല്‍ ഫീസ് ഈടാക്കില്ല. ടിക്കറ്റ് നിരക്കുമാത്രമാണ് മാറ്റമെന്നും റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ് തുടങ്ങിയവ പഴയപടി തുടരുമെന്നുമായിരുന്നു റെയില്‍വേ വ്യക്തമാക്കിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയരുന്നതോടെ ആനുപാതികമായ സേവനനികുതിയും നല്‍കേണ്ടിവരും.

Follow Us:
Download App:
  • android
  • ios