ദില്ലി: റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിൽ മലയാളം ഒഴിവാക്കിയ നടപടി റെയിൽവെ പിൻവലിച്ചു. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ കൂടി തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ വെബ്സൈറ്റ് പരിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തുവരെ മലയാള ഭാഷ തെരഞ്ഞെടുക്കാനാവാതെ അപേക്ഷ സമർപ്പിച്ചവർക്കു തിരുത്തുന്നതിനും സംവിധാനമൊരുക്കി.
റിക്രൂട്ട്മെന്റ് പരീക്ഷയിൽ മലയാളത്തെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചിരുന്നു. മലയാളഭാഷയോടും കേരളത്തിലെ മൂന്നരക്കോടി വരുന്ന ജനങ്ങളോടുമുള്ള കടുത്ത അനീതിയാണ് നടപടിയെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മലയാളം ഒഴിവാക്കുമ്പോൾ കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് അവസരം നിഷേധിക്കപ്പെടുന്നതിനിടയാക്കും. റെയിൽവേയുടെ നടപടി ഒരുതരത്തിലും നീതികരിക്കാനാവില്ല. മലയാളികളുടെ ജോലിസാധ്യത ഇല്ലാതാക്കുന്ന വിവാദ തീരുമാനം അടിയന്തിരമായി പിൻവലിക്കാൻ റെയിൽവെ തയാറാകണം. കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
