കൂടുതല്‍ ട്രെയിന്‍ വേണമെന്നാവശ്യം പാത കമ്മിഷന്‍ ചെയ്തിട്ട് രണ്ട് മാസം

കൊല്ലം: പുനലൂര്‍ - ചെങ്കോട്ട പാതയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് മുമ്പായി കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്നാണ് ആവശ്യം. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനത്തിനൊടുവില്‍ ഗേജ് മാറ്റം പൂര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ച് 31 നാണ് പുനലൂര്‍ - ചെങ്കോട്ട പാതയില്‍ ട്രെയിന്‍ ഓടിയത്. താംബരം - കൊല്ലം സ്പെഷ്യല്‍ ട്രെയിനാണ് അന്ന് ഈ പാതയില്‍ ഓടിയത്. അതും ആഴ്ചയില്‍ രണ്ട് ദിവസം മാത്രം. മൂന്ന് മാസത്തേക്കാണ് ഈ ട്രെയിന്‍ അനുവദിച്ചിട്ടുള്ളത്. 

ഏപ്രില്‍ 10ന് ഔദ്യോഗിക ഉദ്ഘാടനം നടത്തിയ ശേഷം കൂടുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. എന്നാല്‍ ഉദ്ഘാടനം നീട്ടിവച്ചു. എങ്കിലും വേളാങ്കണ്ണിയിലേക്ക് ഒരു പുതിയ ട്രെയിന്‍ തുടങ്ങുമന്നും പുനലൂരില്‍ അവസാനിച്ചിരുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ചെങ്കോട്ട വരെ നീട്ടുമന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉറപ്പ് നല്‍കിയിരുന്നു. 

പക്ഷെ ഇതുവരെ ഒന്നും തുടങ്ങിയില്ല. ജൂണ്‍ 8 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. പ്രഖ്യാപിച്ച ട്രെയിനുകള്‍ അതിനേശേഷമെങ്കിലും തുടങ്ങുമോയെന്ന് ഒരു വ്യക്തതയുമില്ല. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് പാസഞ്ചര്‍ സര്‍വീസുകളെങ്കിലും ആരംഭിക്കണമെന്നാണ് ആവശ്യം.