ദില്ലി: ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി സിസിടിവി സംവിധാനം നടപ്പിലാക്കും. ഇതിനായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സജ്ജീകരിക്കുക.
രാജ്യത്തെ 11,000 ട്രെയിനുകളിലും, 85, 000 സ്റ്റേഷനുകളിലുമായി സിസിടിവി സജ്ജീകരിക്കുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതിയൊരുക്കുന്നത്.
2018-19 വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതിക്കായി 3,000 കോടി മാറ്റിവയ്ക്കും. പ്രീമിയര്‍, സബര്‍ബന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും സിസിടിവി സംവിധാനം നടപ്പിലാക്കും.
ഓരോ കോച്ചിനും എട്ട് സിസിടിവി ക്യാമറകള്‍ ഉണ്ടാകും. പ്രവേശ കവാടങ്ങള്‍, ഇടനാഴി തുടങ്ങിയിടങ്ങളിലും സിസിടിവി സ്ഥാപിക്കും. ഇതുകൂടാതെ പ്രധാന സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കും. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി സംവിധാനങ്ങളുണ്ട്.
രാജധാനി, ശതാബ്ദി, തുരന്തോ, പാസഞ്ചര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മെയില്‍, എക്സ്പ്രസ് പ്രീമിയര്‍ ട്രെയിനുകളിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജമാക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്.
