Asianet News MalayalamAsianet News Malayalam

യാത്രാ നിരക്കു നിശ്ചയിക്കുന്ന ഫ്ളക്സി സമ്പ്രദായം നിർത്തില്ലെന്ന് റയിൽവേ മന്ത്രാലയം

Railways introduce flexi fare system
Author
First Published Feb 17, 2017, 12:59 AM IST

ദില്ലി: തിരക്കിനനുസരിച്ച് യാത്രാ നിരക്കു നിശ്ചയിക്കുന്ന ഫ്ളക്സി സമ്പ്രദായം നിർത്തില്ലെന്ന് റയിൽവേ മന്ത്രാലയം. പാലക്കാടു കോച്ച് ഫാക്ടറിക്കു പുതിയ പങ്കാളിയെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. കേരളത്തിൽ സബർബൻ പാതയടക്കം നാലു പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കേരളം കർണാടക സംസ്ഥാനങ്ങളിൽ നിന്നുമുള്ള മാധ്യമപ്രവർത്തകരുമായുള്ള ചർച്ചയിലാണ് റയിൽവേ ഉന്നത ഉദ്യോഗസ്ഥർ നിലപാടു വ്യക്തമാക്കിയത്. റയിൽവേയുടെ പുതിയ പദ്ധതികൾക്കു പണം കണ്ടെത്താനുള്ള വരുമാന മാർഗ്ഗമായതിനാൽ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ചുള്ള ഫ്ളക്സി നിരക്കുകൾ നിർത്തലാക്കാനാകില്ല. വിമാന യാത്രയേക്കാൾ ഉയർന്ന റയിൽവേ ഫ്ളക്സി നിരക്കുകൾ പുനഃപരിശോധിക്കും. 

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതിക്ക് പുതിയ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും റയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. കേരള റയിൽ കോർപ്പറേഷൻ മുൻപാകെ സംസ്ഥാനം സമർപ്പിച്ച 9 പദ്ധതികളിൽ നാലു പദ്ധതികൾക്കാണ് മുൻഗണനയെന്ന് അധികൃതർ പറഞ്ഞു. 

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റയിൽപാത, തലശേരി- മൈസൂർ പാത സർവ്വേ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പുതിയ പാത, എറണാകുളം പഴയ റയിൽവേ സ്റ്റേഷൻ നവീകരണം എന്നിവക്കാണ് മുൻഗണന. തീവണ്ടികളിലെ ഭക്ഷണ നിരക്കുകൾ എല്ലാ കോച്ചുകളിലും പ്രദർശിപ്പിക്കുമെന്നും റയിൽവേ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios