ആലപ്പുഴയില്‍ മഴക്കെടുതിയില്‍ ഒരു മരണം. ഹരിപ്പാട് ചെറുതന സ്വദേശി സജീവന്‍ വയലിലെ വെള്ളക്കെട്ടില്‍ വീണുമരിച്ചു. കായംകുളത്തുണ്ടായ കനത്തകാറ്റില്‍ മുപ്പതിലധികം വീടുകള്‍ തകര്‍ന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പതിനായിരത്തിലേറെ പേരാണ് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

ആലപ്പുഴ ജില്ലയില്‍ മഴ തിമര്‍ത്തുപെയ്യുകയാണ്. കനത്ത മഴ വ്യാപകമായ നാശനഷ്‌ടമാണ് ഉണ്ടാക്കിയത്. ഹരിപ്പാട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചെറുതന സ്വദേശി സജീവനാണ് മരിച്ചത്. കായംകുളത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മുപ്പതിലധികം വീടുകള്‍ തകര്‍ന്നു. ഇവയില്‍ മിക്കവയുടെ മേല്‍ക്കൂര കനത്ത കാറ്റില്‍ ഇളകി പോയി. ജില്ലയില്‍ ഇതുവരെ 28 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 2750 കുടുംബങ്ങളാണ് ഉള്ളത്. ഇതിലേറെ പേര്‍ മറ്റ് ബന്ധുവീടുകളിലേക്കും മാറിത്താമസിക്കുന്നുണ്ട്. അമ്പലപ്പുഴ താലൂക്കില്‍ പതിനാലും ചേര്‍ത്തലയില്‍ പതിമൂന്ന് ക്യാന്പുകളുമാണുള്ളത്. ശക്തമായ കാറ്റില്‍ ചേര്‍ത്തലയിലെ ബാബുവിന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. മിക്ക വീടുകളിലും വെള്ളം കയറി. ആലപ്പുഴ തത്തംപള്ളിയില്‍ നിരവധികുടുംബങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍ കഴിയുകയാണ്.

മഴ കനത്തോടെ ജില്ലയില്‍ പകര്‍ച്ച വ്യാധിയും പടരുന്നുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും ഭീഷണിയുയര്‍ത്തുന്നു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സംവിധാനം ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.