കനത്തമഴ; വയനാട് ജില്ലയില്‍ ഉദ്യോഗസ്ഥരോട് ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശം
കല്പ്പറ്റ: വയനാട്ടില തഹസിൽദാർമാർ ഡെപ്യൂട്ടി തഹസിൽദാർമാർ വില്ലേജ് ഓഫീസർമാർ തുടങ്ങിയ ഉദ്യോഗസ്ഥരോട് ജില്ല വിട്ടുപോകരുതെന്ന് നിർദ്ദേശം. അവധിയിൽ പോയവർ റദ്ദാക്കി ഓഫീസിൽ എത്താനും നിർദ്ദേശം നല്കിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.വയനാട്ടില് വ്യാപകമായി കൃഷിയും വീടുകളും നശിച്ചിട്ടുണ്ട്.
റോഡുകള്ക്കും കേടുപാടുകളുണ്ട്. വയനാടൻ ചുരത്തിലെ ഒൻപതാം വളവിനു താഴെ മണ്ണടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പുലര്ച്ചെയായിരുന്നു അപകടം. മണിക്കൂറുകള് നീണ്ട പരിശ്രമത്തിനൊടുവില് ഗതാഗതം പുനസ്ഥാപിച്ചു. എന്നാല് കോഴിക്കോട് വയനാട് ദേശീയപാതയിൽ പുനൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാല് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്നതിനാൽ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. പലയിടത്തും ഉരുള്പൊട്ടല്, മണ്ണിടിച്ചില് സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്ദേശം നല്കിയിരിക്കുന്നത്.
