തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 18 വരെ പരക്കെ വേനല്‍മഴ ലഭിക്കും. ഇത്തവണ ഇതുവരെ ലഭിച്ച വേനല്‍ മഴയില്‍ 45 ശതമാനം കുറവുണ്ടായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 20 സെന്റി മീറ്റര്‍ മഴ ലഭിക്കേണ്ടിടത് 11 സെന്റി മീറ്റര്‍ മഴ മാത്രമാണു ലഭിച്ചത്. കാസര്‍കോഡ് ജില്ലയില്‍ വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവാണുണ്ടായത്.

കണ്ണൂര്‍ ജില്ലയില്‍ 74 ശതമാനം കുറവു മഴയാണു പെയ്തത്. കോഴിക്കോട് 64 ശതമാനത്തിന്റെയും പാലക്കാട് 56 ശതമാനത്തിന്റെയും കുറവുണ്ടായതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.

എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായി വരണ്ടകാറ്റ് ഇന്ത്യന്‍തീരത്തേക്ക് വീശിയടിച്ചതും ആഗോളതാപനവുമാണ് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വേനലിനെ ചുട്ടുപൊള്ളിക്കുന്നത്.

വരും ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു പരക്കെ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇന്നലെയും ഇന്നും പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.