തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളിലെത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ പെയ്യുന്നതു കാലവര്‍ഷത്തിനു മുമ്പുള്ള മഴയാണെന്നും ഈയാഴ്ച മുഴുവന്‍ കനത്ത മഴപെയ്യുമെന്നു പ്രതീക്ഷിക്കുന്നെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തില്‍ സാധാരണയായി ജൂണ്‍ ഒന്നിനുതന്നെ കാലവര്‍ഷം എത്താറുണ്ടെങ്കിലും ഇത്തവണ വൈകുമെന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നു കരുതിയിരുന്നെങ്കിലും ഒമ്പതിനു മാത്രമേ കാലവര്‍ഷം എത്തുകയുള്ളൂവെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇത്തവണ കാലവര്‍ഷം കൂടുതല്‍ ശക്തമാകും. എട്ടു മുതല്‍ ഒമ്പത് ശതമാനം വരെ അധിക മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്ന മഴ കാലവര്‍ഷത്തിനു മുമ്പുള്ള മഴയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈയാഴ്ച മുഴുവന്‍ കനത്ത മഴപെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലവര്‍ഷം ഇന്ത്യയില്‍ തുടങ്ങുന്നത് കേരളത്തിലായതിനാല്‍ കാലവര്‍ഷം വൈകുന്നത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും. കേരളത്തില്‍ ഇത്തവണ വേനല്‍മഴ കുറഞ്ഞെങ്കിലും കാലവര്‍ഷം കനക്കുമെന്നാണ് പ്രവചനം.