സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 4ജില്ലകളില്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് തുടരും. 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 4ജില്ലകളില്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ട് തുടരും.കര്‍ണ്ണാടകം മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദ്ദപാത്തി നിലവിലുണ്ട്. കര്‍ണ്ണാടക തീരത്തും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതിന്‍റെ സ്വാധീനമാണ് കേരളത്തില്‍ വീണ്ടും മഴക്ക് വഴി വച്ചിരിക്കുന്നത്.

പത്തനം തിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ ഇന്നും , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 64 മി.മീറ്റര്‍ മുതല്‍ 124 മി.മീ. വരെ മഴക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ കാര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കാനും ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു

കാലവര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനത്ത് 24.55 ശതമാനം അധികം മഴ കിട്ടി.ശരാശരി 1964.4 മി.മി.മഴ കിട്ടേണ്ട് കാലയളവില്‍ 2446.64 മി.മി. മഴയാണ് കേരളത്തില്‍ പെയ്തത്. ഇടുക്കിയില്‍ 67 ശതമാനം അധികം മഴ കിട്ടിയപ്പോള്‍ കാസര്‍കോട്ട് 18 ശതമാനം മഴ കുറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റം ഇതുവരെ തുടങ്ങിയിട്ടില്ല. അടുത്തമാസം പത്തോടെ തുലാവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേശം ഇത് സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.