ആര്‍ക്കും സൈന്യത്തിലേക്ക് സംഭാവന ചെയ്യാം. എന്നാല്‍ അതിന് ആരേയും നിര്‍ബന്ധിക്കുന്നത് ശരിയല്ല. അത്തരം സംഭാവനകള്‍ സൈന്യം സ്വീകരിക്കില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് സൈനിക ആസ്ഥാനത്തെ ഒരു വക്താവ് സൂചിപ്പിച്ചെന്നാണ് വിവരം.

രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തിന്‍റെ പേര് ഉപയോഗിക്കരുതെന്ന് നിരവധി സൈനിക ഉദ്യോഗസ്ഥരും മുന്‍ സൈനികരും പറഞ്ഞതായി പത്രം പറയുന്നു. ഫണ്ടിനായി യാചിച്ച് സൈന്യം എവിടേയും പോകില്ല. സിനിമാ നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പണം സംഭാവന ചെയ്യാം. എന്നാല്‍ നിര്‍ബന്ധിത സംഭാവന അസ്വീകാര്യമാണ്. സൈന്യത്തെ ഒരിക്കലും രാഷ്ട്രീയക്കളിയുടെ ഭാഗമാക്കരുതെന്നാണ് അഭിപ്രായമെന്ന് മുന്‍ സൈനികരും ആവശ്യപ്പെട്ടു.

പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച 'യേ ദില്‍ ഹേ മുശ്കില്‍' പ്രദര്‍ശനം തടയുമെന്ന് നേരത്തെ എംഎന്‍എസ് ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. പ്രശ്‌നപരിഹാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വെച്ച ഉപാധികളില്‍ ഒന്നായിരുന്നു സൈന്യത്തിന് സംഭാവന നല്‍കണമെന്നത്.

പാക് താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്‌ളൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭാവിയില്‍ പാക് അഭിനേതാക്കളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ല എന്നിവയായിരുന്നു മറ്റു രണ്ട് നിബന്ധനകള്‍. 

സിനിമാ നിര്‍മ്മാതാക്കള്‍ ഈ നിബന്ധനകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് എംഎന്‍എസ് സിനിമാ വിലക്കില്‍ നിന്നും പിന്‍മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറി ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എംഎന്‍എസ് പാക് താരങ്ങളെ അഭിനയിപ്പിച്ച സിനിമകള്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നത്.