ദില്ലി: എല്‍ഇഡി ലൈറ്റുകള്‍, സിസിടിവി ക്യാമറകള്‍, വൃത്തിയുള്ള ടോയ്ലെറ്റുകള്‍, മുകളിലെ ബര്‍ത്തുകളിലേയ്ക്ക് കയറാന്‍ പ്രത്യേക ഗോവണി. പറഞ്ഞു വരുന്നത് വാടക മുറിയെക്കുറിച്ചല്ല രാജധാനി എക്പ്രസിലെ പുതിയ കോച്ചുകളെ കുറിച്ചാണ്. രാജധാനിയ്ക്ക് വേണ്ടി നിര്‍മിച്ച സ്വര്‍ണ കോച്ചുകളാണ് റെയില്‍വേ അനാവരണം ചെയ്തത്.
യാത്രക്കാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കോച്ചുകളുടെ നിര്‍മാണം. പഴയ കോച്ചുകളില്‍ 35 ലക്ഷം രൂപയുടെ പരിഷ്കാരങ്ങള്‍ നടത്തിയാണ് പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14 രാജധാനി ട്രെയിനുകളും 15 ശതാബ്ദി ട്രെയിനുകളും സ്വര്‍ണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് റയില്‍വേ മന്ത്രാലയം വിശദമാക്കുന്നു.
ഹൃദ്യമായ നിറങ്ങളാണ് ഇന്റീരിയര്‍ ചെയ്യുന്നതിനായി റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്. വൃത്തിഹീനമായ ടോയ്ലെറ്റ് സീറ്റുകള്‍ പുത്തന്‍ കോച്ചുകളില്‍ കാണാന്‍ സാധിക്കില്ല. ഇത് ഉറപ്പ് വരുത്താനായി ഓട്ടോ ജാനറ്റര്‍ സംവിധാനമാണ് സുവര്‍ണ കോച്ചുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റീല്‍ നിര്‍മിതമായ വാഷ്ബേസിനുകളും മികച്ച നിലവാരമുള്ള ചവറ്റു കുട്ടകളും പുതുക്കിയ രാജധാനി കോച്ചുകളില്‍ ഉണ്ട്.
കണ്ണാടികളില്‍ ഉറപ്പിച്ച എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനടക്കം ഇടം നല്‍കുന്ന പോക്കറ്റുകളും ഈ കോച്ചില്‍ ലഭ്യമാകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സിസിടിവി സൗകര്യവും കോച്ചുകളില്‍ ഉണ്ട്. ഫസ്റ്റ് എസിയില്‍ അപ്പര്‍ ബര്‍ത്തിലേയ്ക്ക് കയറാന്‍ നൂതന രീതിയിലുള്ള ഗോവണിയുമുണ്ട്. പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജധാനി സര്‍വ്വീസും ആരംഭിച്ചു.
